കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷന്റെ നാലാമത് സംസ്ഥാന മീറ്റ്
പ്രിയ സുഹൃത്തേ...
ജന്മനാലും രോഗങ്ങളാലും അപകടങ്ങളാലും സംഭവിച്ച ഗുരുതരമായ പ്രശ്നങ്ങൾ മൂലം ശാരീരിക ശേഷിക്കുറവ് സംഭവിച്ചു വീൽചെയറുകളിലും കട്ടിലുകളിലുമായി ജീവിതം തളക്കപ്പെട്ട പതിനായിരക്കണക്കിന് ആളുകൾ കേരളത്തിൽ ഉണ്ട്.അവരുടെ ഉന്നമനത്തിനും അവകാശങ്ങൾ നേടിയെടുക്കുന്നതിനുമായി വീൽചെയറിൽ കഴിയുന്നവർ തന്നെ രൂപം കൊടുത്ത സംഘടനയാണ് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ (AKWRF).
ആരാലും പരിഗണിക്കപ്പെടാതെ വീടുകൾക്കുള്ളിൽ ഒതുക്കപ്പെട്ട ഈ മനുഷ്യരുടെ അർത്ഥവത്തായ ജീവിതത്തിനും അതിനുള്ള തങ്ങളുടെ അവകാശത്തെ കുറിച്ചുള്ള തിരിച്ചറിവുമാണ് ഇത്തരമൊരു സംഘടനയുടെ രൂപീകരണത്തിലേക്ക് ഞങ്ങളെ നയിച്ചത്.
ഭിന്നശേഷിക്കാർക്ക് ഭരണഘടനയും
പാർലിമെന്റ് പാസാക്കിയിട്ടുള്ള പ്രത്യേക നിയമങ്ങളും സുപ്രീം കോടതി വിധികളും അന്താരാഷ്ട്ര നിയമങ്ങളും ഉറപ്പു നൽകുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുകയും അതുവഴി ഓരോ ഭിന്നശേഷിക്കാരനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാനും അവർക്ക് മാന്യമായ സാധാരണ ജീവിതം നയിക്കാനും വഴിയൊരുക്കുക എന്നതാണ് ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ (AKWRF )ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ഏഴു വർഷത്തെ AKWRF- ന്റെ ശക്തമായതും നിരന്തരവുമായ പ്രവർത്തനങ്ങൾ മൂലം വീൽ ചെയറുകളിൽ കഴിയുന്നവരും പൂർണ്ണമായും കിടപ്പിലായവരുമായ ഭിന്നശേഷിക്കാരിൽ ഉണർവ്വേകാനും ജീവിക്കാനുള്ള പ്രത്യാശ ഉണ്ടാക്കാനും സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്.സർക്കാരുകളേയും സ്വകാര്യ മേഖലയെയും പൊതു സമൂഹത്തേയും ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരെയും ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ ബോധ്യപ്പെടുത്തി അവ നേടിയെടുക്കുന്നതിൽ AKWRF- ഏറെ പരിശ്രമിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും ഈ മേഖലയിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തേണ്ടതും ഇവ മുടക്കമില്ലാതെ നിരന്തരം തുടർന്നു പോകേണ്ടതുമുണ്ട്.
ഈ വേളയിൽ ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷന്റെ നാലാമത് സംസ്ഥാന മീറ്റ് 2024 മെയ് 18ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ ജന പ്രതിനിധികൾ, കലാ സാംസ്കാരിക സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പാലക്കാട് ജില്ലയിലെ പട്ടാമ്പി റോയൽ കൺവെൻഷൻ സെന്ററിൽ വെച്ചു നടക്കുകയാണ് പ്രസ്തുത പരിപാടിയിലേക്ക് നിങ്ങളുടെ ഓരോരുത്തരുടെയും ആത്മാർഥമായ സഹായ സഹകരങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു.