ഒരു സാധാരണ ജീവിതം സാധ്യമായിരുന്നിട്ടും അതിനായി മോഹിച്ചിട്ടും വീല്‍ചെയറുകളിലും കട്ടിലുകളിലുമായി വീടുകള്‍ക്കുള്ളില്‍ ജീവിച്ചു തീരേണ്ടി വരുന്നവര്‍ക്കു വേണ്ടി അങ്ങനെയുള്ളവര്‍ തന്നെ രൂപം കൊടുത്ത സംഘടനയാണ് ഓള്‍ കേരളാ വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍. സര്‍ക്കാരുകളുടേയോ സമൂഹത്തിന്റേയോ സാമൂഹ്യ നീതിയുടേയും പുരോഗതിയുടേയും ആശയങ്ങളിലോ അജണ്ടയിലോ ഒരിക്കലും പരിഗണിക്കപ്പെടാതെ വീടുകള്‍ക്കുള്ളില്‍ ഒതുക്കപ്പെട്ട ഒരു വിഭാഗം മനുഷ്യരുടെ അര്‍ത്ഥവത്തായ ഒരു ജീവിതത്തേയും അതിനുള്ള തങ്ങളുടെ അവകാശത്തേയും കുറിച്ചുള്ള തിരിച്ചറിവാണ് ഇത്തരമൊരു സംഘടനയുടെ രൂപീകരണത്തിനു നിദാനമായത്.

ഭിന്നശേഷിക്കാര്‍ക്ക് ഭരണഘടനയും പാര്‍ലമെന്റ് പാസാക്കിയിട്ടുള്ള ഭിന്നശേഷിനിയമങ്ങളും ഉറപ്പു നല്‍കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുകയും അതുവഴി വീല്‍ചെയര്‍ അംഗപരിമിതര്‍ക്കും സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കടന്നുവരാനും ഒരു സാധാരണ ജീവിതം നയിക്കാനും വഴിയൊരുക്കുക എന്നതാണ് എ കെ ഡബ്ല്യു ആര്‍ എഫിന്റെ ലക്ഷ്യം.

സാമൂഹ്യനീതിക്ക് കേരളത്തിന്റെ വികസനമാതൃകയില്‍ ഏറെ പ്രധാന്യം നല്‍കപ്പെട്ടിട്ടുണ്ട്. പക്ഷേ ഇതുവരെ ഭിന്നശേഷിക്കാരുടെ പ്രശ്നം സാമൂഹ്യ നീതിയെ കുറിച്ചുള്ള നമ്മുടെ പൊതുബോധത്തിന്റെ ഭാഗമായിട്ടില്ല. അതുകൊണ്ടു തന്നെ സര്‍ക്കാരിന്റെ കണക്കനുസരിച്ച് ഒന്‍പതു ലക്ഷത്തോളം വരുന്ന കേരളത്തിലെ ഭിന്നശേഷിക്കാര്‍ ബഹുഭൂരിപക്ഷവും പാര്‍ശ്വവത്ക്കരിക്കപ്പട്ടവരും അധസ്ഥിതരുമായി ഇന്നും തുടരുന്നു. ഭിന്നശേഷിക്കാരുടെ പൊതുവായ അവസ്ഥ ഇതായിരിക്കുമ്പോള്‍ രോഗങ്ങളും അപകടങ്ങളും ജന്മനാലുള്ള പ്രശ്നങ്ങളും മൂലം ഗുരുതരമായ ശാരീരികവൈകല്യം സംഭവിച്ച് വീല്‍ചെയറുകളിലും കട്ടിലുകളിലുമായി വീടുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ടവരുടെ സ്ഥിതി അതിനേക്കാള്‍ ഏറെ പരിതാപകരമാണ്. അങ്ങനെയുള്ളവരുടെ എണ്ണം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ എവിടേയും ലഭ്യമല്ല. പക്ഷേ അത്തരം പതിനായിരക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്.

ഭിന്നശേഷി സമുഹത്തിലെ തന്നെ കൂടുതല്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗമാണ് വീല്‍ചെയര്‍ ഭിന്നശേഷിക്കാര്‍. ഭിന്നശേഷിക്കാര്‍ക്കുള്ള മിക്ക സര്‍ക്കാര്‍പദ്ധതികളുടേയും ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് താരതമ്യേന തീവ്രത കുറഞ്ഞ വൈകല്യം അനുഭവിക്കുന്ന ഭിന്നശേഷിക്കാരിലെ ഭൂരിപക്ഷത്തിനാണ്. തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താനും സംഘടിക്കുവാനും ഒരു പരിധി വരെയെങ്കിലും സാധിക്കുന്നതും അവര്‍ക്കാണ്. പക്ഷേ വീല്‍ചെയറിനെ മാത്രമാശ്രയിച്ച് ചലിക്കാന്‍ സാധിക്കുന്നവര്‍ക്ക് വീടിനു പുറത്തു പോകണമെങ്കില്‍ ഇന്നും ഒന്നില്‍ കൂടുതല്‍ ആളുകളുടെ സഹായം ആവശ്യമാണ്. അങ്ങനെയുള്ളവരെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ അവരുടെ പ്രശ്നങ്ങളെ കുറിച്ച് കൂടുതല്‍ അവബോധവും കൂടുതല്‍ പിന്തുണയും ആവശ്യമുണ്ട്. പൊതുവിടങ്ങള്‍ വീല്‍ചെയര്‍ സൗഹൃദമാക്കുക, വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേകസൗകര്യങ്ങളേര്‍പ്പെടുത്തുക, ശാരീരികശേഷിക്ക് അനുയോജ്യമായ തൊഴില്‍പരിശീലനം നല്കുക യുടങ്ങിയവ ഈ വിഷയത്തില്‍ ചെയ്യേണ്ട കാര്യങ്ങളില്‍ പ്രധാനപ്പെട്ട ചിലതാണ്.

വീല്‍ചെയര്‍ എത്തുന്നിത്തെല്ലാം വീല്‍ചെയറിലിരിക്കുന്നവര്‍ക്കും എത്താന്‍ കഴിയും. പക്ഷേ നമ്മുടെ നാട്ടിലെ പൊതുനിരത്തുകള്‍ ഗതാഗതസംവിധാനങ്ങള്‍ വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, മാര്‍ക്കറ്റുകള്‍, വിനോദകേന്ദ്രങ്ങള്‍ തുടങ്ങി ഒരു സാധാരണജീവിതം നയിക്കാന്‍ അനിവാര്യമായും പ്രാപ്യമായിരിക്കേണ്ട എല്ലാ ഇടങ്ങളും വീല്‍ചെയറുകള്‍ക്ക് അന്യമാണ്. ആശുപത്രികളില്‍ പോലും വീല്‍ചെയര്‍ സൗഹൃദമായ ടോയ്ലറ്റുകളോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ അത്യാവശ്യമായ ചികിത്സ തേടല്‍ പോലും വീല്‍ചെയറിലിരിക്കുന്നവര്‍ക്ക് ഒരു ദുരിതാനുഭവമായി തീരുന്നു. അപകടങ്ങള്‍ മൂലം നട്ടെല്ലു തകര്‍ന്നും മറ്റു പരിക്കുകളേറ്റും കിടപ്പിലായവരുടെ കാര്യമെടുത്താല്‍, മതിയായ പിന്തുണ നല്കിയാല്‍ അവരേയും മുഖ്യധാരയിലേക്കു കൊണ്ടു വരാന്‍ കഴിയുന്നതാണ്. അങ്ങനെയുള്ളവരെ വീല്‍ചെയറിലിരിക്കാന്‍ പ്രാപ്തരാക്കുന്നതിനും ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരുന്നതിനുമായി മറ്റെന്തിനും മുന്‍പായി ആധുനിക ഫിസിക്കല്‍ റിഹാബിലിറ്റേഷന്‍ പ്രോഗ്രാം ലഭ്യമാക്കണം. പക്ഷേ സര്‍ക്കാരുകളുടേയും സമൂഹത്തിന്റെയും ശരിയായ പിന്തുണ ലഭിച്ചാല്‍ ഉല്പാദനക്ഷമവും അര്‍ത്ഥവത്തുമായ ജീവിതം നയിക്കാനും സമൂഹത്തിനു മുതല്‍ക്കൂട്ടായി മാറാനും കഴിയുമെന്നിരിക്കിലും ഇപ്പോഴും അവഗണിക്കപ്പെട്ട് ഒന്നു പുറത്തിറങ്ങാന്‍ പോലുമാകാതെ കുടുംബത്തിനും സമൂഹത്തിനും തീരാഭാരമായി വീടുകള്‍ക്കുള്ളില്‍ ഒരു അദൃശ്യസമൂഹമായി ജീവിച്ച് അവസാനിക്കുകയാണ് കട്ടില്‍, വീല്‍ചെയര്‍ അംഗപരിമിതര്‍.

വീല്‍ചെയറിലിരിക്കുന്നവരടക്കമുള്ള എല്ലാത്തരം ഭിന്നശേഷിക്കാരുടേയും സര്‍വ്വതോന്മുഖമായ ക്ഷേമവും സമൂഹത്തില്‍ തുല്യ പങ്കാളിത്തവും തുല്യ അവസരവും വിവേചനരാഹിത്യവും ഉറപ്പു നല്കുന്ന ശക്തവും സമഗ്രവുമായ നിയമങ്ങള്‍ രാജ്യത്തു നിലനില്ക്കേയാണ് ഈ ദുരവസ്ഥ. ഭിന്നശേഷിക്കാരുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പുവരുത്താനായി രണ്ടു ദശാബ്ദങ്ങള്‍ക്കു മുന്‍പു പാര്‍ലമെന്റ് പാസാക്കിയ 'PwD Act 1995' മുന്നോട്ടു വച്ച മിക്ക ലക്ഷ്യങ്ങളും കൈവരിക്കുന്നതില്‍ രാജ്യം പരാജയപ്പെട്ടു. പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കാന്‍ കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകള്‍ ഒരിക്കലും താത്പര്യം കാണിച്ചില്ല. പലപ്പോഴും ഇക്കാര്യത്തില്‍ കോടതികള്‍ ഇടപെട്ടിട്ടു പോലും കാര്യമായ പ്രയോജനമുണ്ടായില്ല. ഭിന്നശേഷിക്കാര്‍ക്കായി പാര്‍ലമെന്റ് 'RPWD ആക്ട് 2016' എന്ന പുതിയ നിയമം ഇപ്പോള്‍ പാസ്സാക്കിയിരിക്കുന്നു. മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആ നിയമവും എന്തു മാറ്റങ്ങള്‍ കൊണ്ടുവരുമെന്നു കാത്തിരുന്നു കാണേണ്ടതുണ്ട്.

മുകളില്‍ വിവരിച്ച യാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലത്തിലാണ് കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള സ്പൈനല്‍ കോഡിന് ക്ഷതം സംഭവിച്ച് കിടപ്പിലായവരുടെ ഒരു വാട്സപ്പ് കൂട്ടായ്മയില്‍ തങ്ങളുടെ ആരോഗ്യ, ജീവിതപ്രശ്നങ്ങളെയൊക്കെ കുറിച്ച് നടന്ന ചര്‍ച്ചകളുടെ ഇടയില്‍ വീല്‍ചെയര്‍, കട്ടില്‍ അംഗപരിമിതര്‍ക്കായി ഒരു സംഘടന അനിവാര്യമാണെന്ന ആശയം ഉയര്‍ന്നു വന്നത്. ഗുരുതരമായ ശാരീരിക വൈകല്യം അനുഭവിക്കുന്നവര്‍ നേരിടുന്ന അവഗണനയുടേയും നിയമം തങ്ങള്‍ക്ക് ഉറപ്പു നല്കുന്ന അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിന്റേയും ഒക്കെ പശ്ചാത്തലത്തില്‍ അത്തരമൊരു ആശയത്തിന് ഗ്രൂപ്പ് അംഗങ്ങള്‍ക്കിടയില്‍ പെട്ടെന്ന് തന്നെ സ്വീകാര്യത ലഭിക്കുകയും ഒരു സംഘടനയുടെ കീഴില്‍ അണി നിരക്കുന്നത് ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് സഹായിക്കുമെന്ന ചിന്ത ഉയരുകയും ചെയ്തു. അങ്ങനെ, നീണ്ട ചര്‍ച്ചകളുടേയും ആലോചനകളുടേയും ശ്രമങ്ങളുടേയും ഒടുവില്‍ കേരളത്തിന്റെ ചരിത്രത്തിലാദ്യമായി വീല്‍ചെയര്‍, കട്ടില്‍ ഭിന്നശേഷിക്കാര്‍ക്കായി കേരളത്തിലെ എല്ലാ ജില്ലകളിലും കമ്മറ്റികളുള്ള ഒരു കൂട്ടായ്മ രൂപം കൊള്ളുകയും തുടര്‍ന്ന് ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍ എന്ന പേരില്‍ അത് രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്തു. കുറഞ്ഞ കാലം കൊണ്ടു തന്നെ കേരളത്തില്‍ എല്ലായിടത്തും സാന്നിധ്യമുള്ള ഒരു സംഘടനയായി AKWRF ഇന്ന് മാറിക്കഴിഞ്ഞു. വീല്‍ചെയര്‍ അംഗപരിമിതര്‍ക്ക് യഥാര്‍ത്ഥ ലോകം പ്രതിബന്ധങ്ങള്‍ തീര്‍ക്കുമ്പോള്‍ നവമാധ്യമങ്ങളുടെ വെര്‍ച്വല്‍ ലോകം ഞങ്ങള്‍ക്ക് സംഘടിക്കുന്നതിനു വേദിയൊരുക്കി. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ കേരളം മുഴുവന്‍ പടര്‍ന്നു കിടക്കുന്ന ഞങ്ങളുടെ സംഘടനാശൃഖംലയുടെ നട്ടെല്ല് സോഷ്യല്‍ മീഡിയയുടെ വലക്കണ്ണികളാണ്. പക്ഷേ ആവശ്യമായ സമയത്ത് എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് അംഗങ്ങള്‍ വീടിനു പുറത്തു വരികയും പൊതുവായ ഒരിടത്ത് ഒത്തുചേരുകയും ആലോചനകള്‍ നടത്തുകയും തീരുമാനങ്ങളെടുക്കുകയും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുകയും അധികാരികള്‍ക്കു നേരിട്ടു പരാതികളും നിവേദനങ്ങളും നല്കുകയും ചെയ്യുന്നു. ഇതിനകം അവകാശങ്ങള്‍ക്കു വേണ്ടിയും അവഗണനക്കെതിരേയും പല തവണ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. ഒപ്പം ഒട്ടേറെ നിവേദനങ്ങളും പരാതികളും അധികൃതര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. ഇതിനു ചെറിയ തോതിലാണെങ്കിലും ഫലം കണ്ടു തുടങ്ങുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഇത് ഒരുപാട് ദൂരം താണ്ടേണ്ട ഒരു ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ തുടക്കം മാത്രമാണെന്ന് ഞങ്ങള്‍ക്കു ബോദ്ധ്യമുണ്ട് വീല്‍ചെയറിലിരിക്കുന്നവരുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റേയും പൊതുസമൂഹത്തിന്റേയും മുന്നിലവതരിപ്പിച്ചും ഭരണഘടനയും നിയമങ്ങളും ഉറപ്പു നല്കുന്ന തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടിയും സമൂഹത്തേയും അധികാരികളേയും ഞങ്ങളുടെ പ്രശ്നങ്ങളേയും പരിഹാരങ്ങളേയും കുറിച്ച് ബോധവത്ക്കരിച്ചും ഇന്ന് വീടുകള്‍ക്കുള്ളിലൊതുങ്ങുന്ന വീല്‍ചെയര്‍ അംഗപരിമിതരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടു വരികയും സ്വയംപര്യാപ്തരാക്കുകയും അര്‍ത്ഥപൂര്‍ണ്ണമായ ഒരു ജീവിതം സാധ്യമാക്കുകയും ചെയ്യുന്നതിനു വേണ്ടി ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കാന്‍ എ കെ ഡബ്ല്യു ആര്‍ എഫ് ഉദ്ദേശിക്കുന്നു. ജീവിതത്തിൽ അംഗവൈകല്യം സംഭവിച്ചു  വീൽചെയറുകളിലൊതുക്കപ്പെട്ടവർ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ജീവിച്ചു തീരണമെന്ന സാഹചര്യത്തിനു മാറ്റമുണ്ടാകണം. സഹതാപവും പെയ്ൻ& പാലിയേറ്റീവ് പരിചരണവും മാത്രമാണ് ഞങ്ങൾക്കു വേണ്ടതെന്ന പൊതുധാരണ തിരുത്തപ്പെടണം.



അംഗവൈകല്യത്തിന്റെ പേരില്‍ വീടുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും നീതിയും തേടിയുള്ള ദുഷ്ക്കരമായ ഈ യാത്രയില്‍ AKWRF പൊതുസമൂഹത്തിന്റേയും സുമനസ്സുകളായ ഒരോ വ്യക്തികളുടേയും ആത്മാര്‍ത്ഥമായ പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു.

Top